കോമറിൻ മേഖലയ്ക്കു മുകളിൽ ചക്രവാതച്ചുഴി; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്
Monday, January 13, 2025 3:26 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് ബുധനാഴ്ച മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ പ്രഭാവം മൂലമാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നത്.
അതേസമയം, ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴയ്ക്കോ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ട്.
കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ വ്യാഴാഴ്ച രാത്രി11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.