അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമില്ലെന്ന് എം.വി. ഗോവിന്ദന്
Monday, January 13, 2025 12:09 PM IST
വയനാട്: പി.വി. അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അൻവറിന്റെ കാര്യത്തിൽ ഒന്നും പറയാനില്ല. അൻവർ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബത്തെയും ഗോവിന്ദന് സന്ദര്‍ശിച്ചു. കെപിസിസി നേതൃത്വം ഓടി എത്തേണ്ട വീട് ആയിരുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. എന്നിട്ടോ വിജയന്റെ കുടുംബത്തെ കുറിച്ചു അവർ പറഞ്ഞത് അന്തവും കുന്തവും ഇല്ലാത്തവർ എന്നല്ലേ.
കടബാധ്യതയുടെ കാര്യങ്ങൾ കുടുംബം പറഞ്ഞു. ഏഴ് വർഷം സർവീസ് ഉള്ള മകന്റെ ജോലി നഷ്ടമായത് പ്രയാസം ഉണ്ടാക്കിയിരുന്നു. ആ കുടുംബത്തെ സംരക്ഷിക്കണം. ആവശ്യമെങ്കിൽ സിപിഎം കൂടെ നിൽക്കും.
നിലവിൽ കുടുംബത്തെ സംരക്ഷിക്കാനൊന്നും സിപിഎം തീരുമാനിച്ചിട്ടില്ല. കുടുംബത്തിന് എന്തെങ്കിലും ഓഫറും നൽകിയിട്ടില്ല. അങ്ങനെ ആവശ്യം വരുന്നൊരു ഘട്ടം വന്നാൽ സിപിഎം കൂടെ നിൽക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.