മൻമോഹൻ സിംഗിന് സ്മാരകം നിർമിക്കും; സ്ഥലം പിന്നീട്
Saturday, December 28, 2024 8:02 PM IST
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണയ്ക്കായി രാജ്യതലസ്ഥാനത്ത് സ്മാരകം നിർമിക്കുമെന്നു കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും സ്ഥലം എവിടെയാണെന്ന കാര്യത്തിൽ തീരുമാനമായില്ല. മറ്റു പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങളുള്ള യമുനാ തീരത്ത് പ്രത്യേക സ്മാരകം വേണമെന്നു കേന്ദ്രസർക്കാരിനോടു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ മന്ത്രിസഭാ യോഗത്തിനുശേഷം സ്മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്നു മൻമോഹൻ സിംഗിന്റെ കുടുംബത്തെയും കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയെയും ഔദ്യോഗികമായി അറിയിച്ചിരുന്നു. സ്മാരകം നിർമിക്കാൻ ട്രസ്റ്റ് രൂപീകരിക്കുമെന്നും സംസ്കാരം നിഗംബോധ് ഘട്ടിൽ നടക്കട്ടെയെന്നും അറിയിപ്പിൽ പറയുന്നു.
എന്നാൽ സ്മാരകം നിർമിക്കുന്നിടത്തുതന്നെ സംസ്കാരം വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. സ്മാരകത്തിന് സ്ഥലം അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. മൻമോഹൻ സിംഗിന്റെ സ്മാരകത്തിനു സ്ഥലം തീരുമാനിക്കാത്തത് രാജ്യത്തിന്റെ ആദ്യ സിഖ് പ്രധാനമന്ത്രിയെ ബോധപൂർവം അപമാനിക്കലാണെന്ന് കോൺഗ്രസ് ആരോപിച്ചു.
മൻമോഹൻ സിംഗിന്റെ ആഗോള നിലവാരത്തിനും മികച്ച നേട്ടങ്ങൾക്കും പതിറ്റാണ്ടുകളുടെ സേവനത്തിനും അനുസൃതമായി അദ്ദേഹത്തിന്റെ സംസ്കാരത്തിനും സ്മാരകത്തിനും ഇന്ത്യാ ഗവൺമെന്റ് സ്ഥലം നൽകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്കാരം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്നു ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദൽ വിമർശിച്ചു.