ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ
Sunday, December 15, 2024 12:20 AM IST
പാലക്കാട്: ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി എൻ.കെ. ഷാഹുൽ ഹമീദിനെയാണ് ഷോർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
മാല ചെ൪പ്പുളശേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഷൊർണൂർ-നിലമ്പൂർ പാതയിലെ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കുലുക്കല്ലൂർ ട്രെയിൻ നിർത്തിയപ്പോൾ നിലമ്പൂർ സ്വദേശി സാനിയയുടെ ഒരു പവൻ തൂക്കം വരുന്ന മാല പ്രതി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ഏഴോളം കേസുകളുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.