മഴമുന്നറിയിപ്പിൽ മാറ്റം; ന്യൂനമർദം ശക്തിപ്രാപിക്കുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Saturday, December 14, 2024 8:52 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത ശക്തമായ പശ്ചാത്തലത്തിലാണ് കേരളത്തിലും മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വരും മണിക്കൂറുകളിൽ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.
മറ്റ് ജില്ലകളൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരീയ മഴയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപിന് മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദമായി മാറാനും തുടർന്ന് ശക്തി പ്രാപിച്ച് 48 മണിക്കൂറിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.