പ്രകൃതിവിരുദ്ധ പീഡനം: കളരി ആശാന് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
Saturday, December 14, 2024 2:42 PM IST
ചേര്‍ത്തല: കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയെന്ന കേസില്‍ പ്രതിക്കു 12 വര്‍ഷം തടവും ഒരുലക്ഷം പിഴയും ശിക്ഷ. ചേര്‍ത്തലയിൽ താമസിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരോട് പ്ലാമൂട്ട് തൈവിളാകത്ത് മേലേതട്ട് പുത്തന്‍വീട്ടില്‍ പുഷ്കരന് (64) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗകോടതി (പോക്സോ) ശിക്ഷിച്ചത്.
ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡിലെ വാടക വീട്ടില്‍ മര്‍മ-തിരുമ്മുകളരി പയറ്റ് സംഘം നടത്തിവരികയായിരുന്നു പ്രതി. ഇവിടെ കളരി അഭ്യസിക്കുന്നതിനായെത്തിയ ആണ്‍കുട്ടിയെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ്യാജേന വിളിച്ച് കളരിയോടു ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
ഇതു മറ്റൊരു ദിവസവും തുടര്‍ന്നു. 2022 ജൂണിലായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് കളരിയില്‍ പോകുന്നതിന് വിമുഖത കാണിച്ച കുട്ടിയോട് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ആള് ഉപദ്രവിച്ചതിനും ഒന്നില്‍ കൂടുതല്‍ തവണ ഉപദ്രവിച്ചതിനുമടക്കം വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാരിനോട് കോടതി ശിപാര്‍ശ ചെയ്തു.