കുസാറ്റിൽ കെഎസ്യു കുതിപ്പ്: 31 വർഷങ്ങൾക്ക് ശേഷം യൂണിവേഴ്സിറ്റി യൂണിയൻ തിരിച്ചു പിടിച്ചു
Friday, December 13, 2024 8:22 PM IST
കൊച്ചി: 31 വർഷങ്ങൾക്ക് ശേഷം കൊച്ചിൻ സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തിരിച്ചു പിടിച്ചു കെഎസ്യു. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ, ജന: സെക്രട്ടറി, ട്രഷറാർ സീറ്റുകളിൽ ഉൾപ്പടെ വിജയിച്ച് കെഎസ്യു ശക്തി തെളിയിച്ചു.
ചെയര്‍മാനായി കുര്യന് ബിജു തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായി നവീൻ മാത്യൂവും ജന: സെക്രട്ടറിയായി എസ്.ബി. അർച്ചനയും ജോ. സെക്രട്ടറിയായി മുഹമ്മദ് റാഷിദും ,ട്രഷററായി ബേസിൽ എം പോളും തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി കെ.എം.മുഹമ്മദ് നഫീഹ് , മുഹമ്മദ് സൈനുൽ ആബിദീൻ, ഇ.പി. സയ്യിൽ മുഹമ്മദ് , പി.ഫാത്തിമ , നിജു റോയ്, ഷിനാൻ മുഹമ്മദ് ഷെരീഫ്,ബേസിൽ ജോൺ എൽദോ, ശരത് പിജെ, എന്നിവർ കെഎസ്യു പാനലിൽ വിജയിച്ചു.
ഇത്തവണ കെഎസ്യു ഒറ്റക്കാണ് കൊച്ചിൻ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 15 ല്‍ 13 സീറ്റും എസ്എഫ്ഐയില്‍ നിന്നും പിടിച്ചെടുത്ത് ആധികാരിക വിജയമാണ് പാര്‍ട്ടി സ്വന്തമാക്കിയത്.
സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും, നിലവില്‍ ഉണ്ടായിരുന്ന യൂണിയനോടുള്ള കടുത്ത അതൃപ്തിയുമാണ് മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന് ഭരണം എസ്എഫ്ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.