കുതിപ്പിനു ശേഷം താഴെവീണ് സ്വർണവില; പവന് കുറഞ്ഞത് 440 രൂപ; വീണ്ടും 58,000ല്‍ താഴെ
Friday, December 13, 2024 2:45 PM IST
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ കുതിപ്പിനും ഒരുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില താഴേക്ക്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,840 രൂപയിലും പവന് 7,230 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,970 രൂപയിലെത്തി.
മൂന്നുദിവസത്തിനിടെ 1,360 രൂപ വര്‍ധിച്ച ശേഷം വ്യാഴാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്ച 600 രൂപയും ബുധനാഴ്ച 640 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 2,724 ഡോളർ എന്ന ഒരുമാസത്തെ ഉയരത്തിലെത്തിയ രാജ്യാന്തരവില, ഇന്ന് 2,679 ഡോളറിലേക്ക് വരെ ഇടിഞ്ഞ ശേഷം ഇപ്പോൾ 2,686 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ - യുക്രെയ്ന് സംഘര്‍ഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര തലത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്.
അതേസമയം, വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.