കൈവെട്ട് കേസ്; മൂന്നാംപ്രതി എം.കെ.നാസറിന്റെ ശിക്ഷാവിധി മരവിപ്പിച്ചു
Friday, December 13, 2024 1:58 PM IST
കൊച്ചി: പ്രഫസര്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി എം.കെ.നാസറിന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. നാസറിന് ഉപാധികളോടെ ജാമ്യം നല്‍കാനും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് നാസർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് നടപടി. ഒന്‍പത് വർഷം ജയിലിൽ കഴിഞ്ഞെന്ന ഹർജിക്കാരന്റെ വാദം പരിഗണിച്ചാണ് ജാമ്യം നൽകിയത്.
നാസറുൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായും കോടതി പറഞ്ഞിരുന്നു.
2010 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പര്‍ തയാറാക്കിയതില്‍ മതനിന്ദ ആരോപിച്ചായിരുന്നു കേസിലെ മുഖ്യപ്രതി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം തൊടുപുഴ ന്യൂമാൻ കോളജിൽ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്. പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.