ഭരിക്കുന്നത് പിണറായി വിജയനാണ്; മുനമ്പത്തുനിന്ന് ഒരാൾക്കും കുടി ഒഴിയേണ്ടി വരില്ല: പി. ജയരാജൻ
Friday, December 13, 2024 7:45 AM IST
തിരുവനന്തപുരം: വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോന്റെ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാർ വിറ്റ് പണമാക്കിയതെന്നും സിപിഎം നേതാവ് പി. ജയരാജൻ.
വഖഫ് സ്വത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കൾ കണ്ടെത്താനാണ് വി.എസ്. സർക്കാർ കമ്മീഷനെ നിയമിച്ചത്. മുനമ്പത്ത് ഭൂമി കൈവശമുളവർ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്. അങ്ങനെ പണം കൊടുത്തു വാങ്ങാൻ പറ്റില്ല വഖഫ് ഭൂമിയെന്നും പി. ജയരാജൻ പറഞ്ഞു.
വഖഫ് ഭൂമിയുടെ പേരിൽ സംരക്ഷകരായി ആർഎസ്എസ്, ബിജെപിക്കാർ ഇറങ്ങിയിട്ടുണ്ട്. മുനമ്പം വിഷയം വർഗീയവത്ക്കരിക്കാൻ ബിജെപിയും ലീഗും ചേർന്ന് ശ്രമിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.
ഇവിടം ഭരിക്കുന്നത് പിണറായി വിജയനാണ്. ഒരാൾക്കും കുടി ഒഴിയേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.