എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
Thursday, December 12, 2024 1:06 AM IST
ന്യൂഡൽഹി: എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശി ജവീർ സിംഗ്(36) ആണ് മരിച്ചത്. നാഗ്പൂരിലെ എയർ ഫോഴ്സ് മെയിന്റനൻസ് കമ്മാൻഡി സെർജന്റായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.
ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ തലക്ക് വെടിയേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന ജവീർ സിംഗിനെയാണ് കണ്ടത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. രണ്ട് ദിവസമായി കടുത്ത മനോവിഷമത്തിലായിരുന്നു ഇയാളെന്ന് സഹപ്രവർത്തകർ പോലീസിന് മൊഴി നൽകി. എന്നാൽ എന്താണ് മനോവിഷമത്തിന് കാരണം എന്ന് വ്യക്തമല്ല. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.