തലശേരിയിൽ കാറുകൾ കത്തിയതല്ല, കത്തിച്ചത്: തീയിടുന്ന ദൃശ്യങ്ങൾ പുറത്ത്
Wednesday, December 11, 2024 10:50 PM IST
തലശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാറുകൾ എണ്ണയൊഴിച്ച് കത്തിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
ഒരാൾ നടന്നു വന്നു എന്തോ ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്നതിന്റെ അവ്യക്തമായ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പരിസര പ്രദേശത്തെ 13 സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ഇതിനകം ശേഖരിച്ചിട്ടുള്ളത്.
വില്പന നടത്തിയ കാറുകളാണ് കത്തിച്ചത്. അസി. കമ്മീഷണർ ഷഹൻഷ, സിഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം.
ചിറക്കര ഇൻഡക്സ് നക്സ ഷോറൂമിലെ കാറുകളാണ് കത്തി നശിച്ചത്. ഗ്രാന്റ് വിറ്റാര, ബലേനോ തുടങ്ങിയ മൂന്ന് പുതിയ കാറുകളാണ് തീയിലമർന്നത്. തീപിടിത്തം കണ്ട വഴിയാത്രക്കാരൻ ഫയർ സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സ് എത്തി തീയണച്ചത്.