ടി20: അഫ്ഗാനിസ്ഥാനെതിരെ സിംബാബ്വെയ്ക്ക് ജയം
Wednesday, December 11, 2024 9:12 PM IST
ഹരാരെ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരന്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്ക് ജയം. ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് സിംബാബ്വെ വിജയിച്ചത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം മത്സരത്തിന്റെ അവസാന പന്തിലാണ് സിംബാബ്വെ മറികടന്നത്. 49 റൺസെടുത്ത ബ്രയാൻ ബെന്നറ്റും 32 റൺസെടുത്ത ഡിയോൺ മയേർസും സിംബാബ്വെയ്ക്ക് വേണ്ടി തിളങ്ങി.
അവസാന ഓവറുകളിലെ തസിംഗ മുസേകിവയുടെയും വെല്ലിംഗ്ടൺ മസകാട്സയുടേയും ഇന്നിംഗ്സുകളും സിംബാബ്വെയുടെ വിജയത്തിൽ നിർണായകമായി. അഫ്ഗാനിസ്ഥാന് വേണ്ടി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. റാഷിദ് ഖാൻ രണ്ടും മുഹമ്മമദ് നബി ഒരു വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 144 റൺസ് എടുത്തത്. 54 റൺസെടുത്ത കരീം ജന്നറ്റിന്റെയും 44 റൺസെടുത്ത മുഹമ്മദ് നബിയുടേയും ഇന്നിംഗ്സുകളാണ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
സിംബാബ്വെയ്ക്ക് വേണ്ടി എൻഗാരവ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുസരബനിയും ട്രെവർ ജിവാൻഡുവും വെല്ലിംഗ്ടൺ മസകാട്സും ഓരോ വിക്കറ്റ് വീതവും എടുത്തു. സിംബാബ്വെ താരം ബ്രയാൻ ബെന്നറ്റാണ് മത്സരത്തിലെ താരം.