മുഷ്താഖ് അലി ട്രോഫി: ബംഗാളിനെ 41 റൺസിനു വീഴ്ത്തി ബറോഡ സെമിയിൽ
Wednesday, December 11, 2024 3:52 PM IST
ബംഗളൂരു: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനെ 41 റൺസിനു വീഴ്ത്തി ബറോഡ സെമിയിൽ കടന്നു. ബംഗളൂരുവിൽ ആദ്യം ബാറ്റ് ചെയ്ത ബറോഡ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ 18 ഓവറിൽ 131 റൺസിനു പുറത്തായി.
അർധസെഞ്ചുറി നേടിയ ഷഹബാസ് അഹമ്മദ് (55) ആണ് ബംഗാൾ നിരയിലെ ടോപ് സ്കോറർ. 36 പന്തിൽ മൂന്നു ബൗണ്ടറികളും നാലു സിക്സറുകളുമുൾപ്പെടുന്നതാണ് ഷഹബാസിന്റെ ഇന്നിംഗ്സ്. കൂടാതെ, 22 റൺസെടുത്ത അഭിഷേക് പോറലിനും 29 റൺസെടുത്ത ഋത്വിക് റോയ് ചൗധരിക്കും മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ബറോഡയ്ക്കു വേണ്ടി 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലുക്മാൻ മെറിവാലയും 27 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും 41 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ അതിത് ഷേത്തുമാണ് ബംഗാളിനെ ചുരുട്ടിക്കൂട്ടിയത്. വിക്കറ്റിനു പുറമേ രണ്ടു ക്യാച്ചുകളും സ്വന്തമാക്കിയ ലുക്മാനാണ് കളിയിലെ താരം.
നേരത്തെ, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബറോഡ ഓപ്പണർമാരായ ശാശ്വത് റാവത്തിന്റെയും (40) അഭിമന്യുസിംഗ് രാജ്പുത്തിന്റെയും (37) ബാറ്റിംഗ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. അതേസമയം, ഹാർദിക് പാണ്ഡ്യ (10), ശിവാലിക് ശർമ (24), ഭാനു പാനിയ (17), വിഷ്ണു സോളങ്കി (16) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കാണാനായില്ല.
ബംഗാളിനു വേണ്ടി മുഹമ്മദ് ഷമി, കനിഷ്ക് സേത്ത്, പ്രദീപ്ത പ്രമാണിക് എന്നിവർ രണ്ടുവിക്കറ്റ് വീതവും സാക്ഷം ചൗധരി ഒരു വിക്കറ്റും വീഴ്ത്തി.