തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തൽ: ചെന്നിത്തല
Wednesday, December 11, 2024 3:38 PM IST
ആലപ്പുഴ: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചടി നേരിട്ടതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് ജനവിരുദ്ധ അഴിമതി ഭരണത്തിനെതിരെയുള്ള വിലയിരുത്തലാണെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ആകെ 31 സീറ്റുകളിൽ 17 ഇടത്ത് യുഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോൾ എൽഡിഎഫിന് ജയിക്കാനായത് 11 ഇടത്ത് മാത്രമാണ്. അഴിമതിയും കെടുകാര്യസ്ഥതയും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടുവലഞ്ഞ ഒരു ജനതയുടെ തിരിച്ചടിയുടെ തുടക്കമാണിതെന്ന് ചെന്നിത്തല വിമർശിച്ചു.
31 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് തച്ചമ്പാറ, തൃശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളാണ് പിടിച്ചെടുത്തത്.
ഇതിന് പിന്നാലെയാണ് യുഡിഎഫ് പ്രവർത്തകരെ അഭിനന്ദിച്ചും സർക്കാരിനെ വിമർശിച്ചും ചെന്നിത്തല രംഗത്തെത്തിയത്. വൻ വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നതായും ചെന്നിത്തല കുറിച്ചു.