വെടിക്കെട്ട് സെഞ്ചുറിയുമായി അന്നബെൽ; പെർത്തിൽ ഇന്ത്യൻ വനിതകൾക്ക് 299 റൺസ് വിജയലക്ഷ്യം
Wednesday, December 11, 2024 2:36 PM IST
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് 299 റൺസ് വിജയലക്ഷ്യം. പെർത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. 26 റൺസ് വഴങ്ങി നാലു വിക്കറ്റു വീഴ്ത്തിയ അരുന്ധതി റെഡ്ഡിയാണ് ഓസീസ് മുൻനിരയെ തകർത്തത്.
മികച്ച തുടക്കത്തിനു ശേഷം നാലുവിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായെങ്കിലും അന്നബെൽ സതർലാൻഡിന്റെ സെഞ്ചുറിയുടെയും ആഷ്ലെയ് ഗാർഡ്നറിന്റെയും തഹ്ലിയ മക്ഗ്രാത്തിന്റെയും അർധസെഞ്ചുറികളുടെയും കരുത്തിലാണ് ആതിഥേയർ മികച്ച സ്കോർ കണ്ടെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഫോബ് ലിച്ച്ഫീൽഡും (25) ജോർജിയ വോളും (26) ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് 58 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
എന്നാൽ 11-ാം ഓവറിൽ അരുന്ധതി റെഡ്ഡി ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. ആദ്യ പന്തിൽ ജോർജിയയും നാലാം പന്തിൽ ലിച്ച്ഫീൽഡും പവലിയനിലേക്ക് മടങ്ങി. പിന്നാലെയെത്തിയ സൂപ്പർതാരം എല്ലിസ് പെറിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. സ്കോർ 72 റൺസിൽ നില്ക്കെ അരുന്ധതിയുടെ പന്തിൽ ബൗൾഡായി പെറി മടങ്ങി.
പിന്നാലെ ആറു റൺസിന്റെ ഇടവേളയിൽ ബെത്ത് മൂണിയെയും (10) അരുന്ധതി പുറത്താക്കിയതോടെ ആതിഥേയർ നാലിന് 78 റൺസെന്ന നിലയിൽ പ്രതിസന്ധിയിലായി. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച അന്നബെൽ സതർലാൻഡും ആഷ്ലെയ് ഗാർഡ്നറും ചേർന്ന് പ്രത്യാക്രമണം തുടങ്ങിയതോടെ സ്കോർ ഉയർന്നു. ഇരുവരും ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു.
സ്കോർ 174 റൺസിൽ നില്ക്കെ, ഗാർഡ്നറെ (50) പുറത്താക്കി ദീപ്തി ശർമ ആ കൂട്ടുകെട്ട് പൊളിച്ചു. 64 പന്തിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഗാർഡ്നറുടെ ഇന്നിംഗ്സ്. പിന്നീട് ക്രീസിലെത്തിയ തഹ്ലിയ മക്ഗ്രാത്തിനെ കൂട്ടുപിടിച്ച് അന്നബെൽ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 122 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ അന്നബെൽ തന്റെ കന്നി സെഞ്ചുറിയും പൂർത്തിയാക്കി.
അവസാന ഓവറിലെ അഞ്ചാം പന്തിൽ റണ്ണൗട്ടായാണ് അന്നബെൽ മടങ്ങുന്നത്. 95 പന്തിൽ ഒമ്പതു ബൗണ്ടറികളും നാലു സിക്സറുകളും ചാരുതയേകുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തഹ്ലിയ മക്ഗ്രാത്ത് 50 പന്തിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെ 56 റൺസുമായി പുറത്താകാതെ നിന്നു.