ആചാരങ്ങള്‍ അതേപടി തുടരണം; ഗുരുവായൂരിലെ പൂജാസമയ മാറ്റത്തില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ്
Wednesday, December 11, 2024 1:09 PM IST
ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് സുപ്രീം കോടതി നോട്ടീസ്. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്.
വെബ്സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിറുത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം തീരുമാനമാണ് കോടതി കയറിയത്. പൂജ മാറ്റുന്നത് ആചാരത്തിന്റെയും ദേവഹിതത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലമാണ് ഹര്‍ജി നല്‍കിയത്.
വന്‍തിരക്കുണ്ടാകുന്ന ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടന്നാൽ ഭക്തർക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൂജ മാറ്റാന്‍ ഭരണസമിതി തീരുമാനിച്ചത്. പൂജ ആചാരമല്ല വഴിപാടാണെന്നാണ് ഭരണസമിതിയുടെ വാദം.
എന്നാൽ ഉദയാസ്തമയ പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും ഇത് ആചാരണലംഘനമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.