അവസാന ഓവറിൽ വിജയം അടിച്ചെടുത്ത് വെങ്കടേഷും ഹർപ്രീതും; സൗരാഷ്ട്രയെ വീഴ്ത്തി മധ്യപ്രദേശ് സെമിയിൽ
Wednesday, December 11, 2024 1:06 PM IST
ആലൂർ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയെ ആറുവിക്കറ്റിനു വീഴ്ത്തി മധ്യപ്രദേശ് സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം നാലു പന്തുകളും ആറുവിക്കറ്റും ശേഷിക്കേ മധ്യപ്രദേശ് മറികടന്നു.
അവസാന ഓവർ വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ 11 പന്തിൽ 29 റൺസ് അടിച്ചുകൂട്ടിയ വെങ്കടേഷ് അയ്യർ - ഹർപ്രീത് ഭാട്യ സഖ്യമാണ് മധ്യപ്രദേശിനെ വിജയത്തിലേക്ക് നയിച്ചത്. അർപിത് ഗൗഡ് (29 പന്തിൽ 42), ഹർഷ് ഗൗലി (11 പന്തിൽ 11), സുബ്രാൻഷു സേനാപതി (16 പന്തിൽ 24), രജത് പാട്ടിദാർ (18 പന്തിൽ 28) എന്നിവരുടെ വിക്കറ്റുകളാണ് വിജയത്തിലേക്കുള്ള യാത്രയിൽ മധ്യപ്രദേശിനു നഷ്ടമായത്.
സൗരാഷ്ട്രയ്ക്കു വേണ്ടി ജയദേവ് ഉനാദ്കട്ട്, അങ്കുർ പൻവാർ, ചിരാഗ് ജാനി, പേരക് മങ്കാദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അവസാന അഞ്ച് ഓവറിൽ വിജയത്തിലേക്ക് മധ്യപ്രദേശിന് വേണ്ടിയിരുന്നത് 55 റൺസാണ്. എന്നാൽ വെങ്കടേഷ് അയ്യരും ഹർപ്രീത് ഭാട്യയും ചേർന്ന് ബൗളർമാരെ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ അവസാന ഓവറിൽ വിജയലക്ഷ്യം ഏഴു റൺസായി. സമ്മർ ഗജ്ജാർ എറിഞ്ഞ ആദ്യപന്തു തന്നെ ഹർപ്രീത് സിക്സറിനു പറത്തി. അടുത്ത പന്തിൽ ഒരു റൺ ഓടിയെടുത്തതോടെ വിജയം മധ്യപ്രദേശിനു സ്വന്തം.
വെങ്കടേഷ് അയ്യർ 33 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്തപ്പോൾ ഹർപ്രീത് ഒൻപതു പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതമാണ് 22 റൺസെടുത്തത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര മധ്യനിരയിൽ ചിരാഗ് ജാനിയുടെ ഒറ്റയാൾ വെടിക്കെട്ട് അർധസെഞ്ചുറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 പന്തിൽ എട്ട് ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 80 റൺസുമായി താരം പുറത്താകാതെ നിന്നു. അതേസമയം, മറ്റാർക്കും 20 റൺസിനു മുകളിൽ സ്കോർ കണ്ടെത്താനായില്ല.
ഹാർവിക് ദേശായി (17), ജെയ് ഗോഹിൽ (17), പ്രേരക് മങ്കാദ് (16), വിശ്വരാജ് ജഡേജ (15), സമ്മാർ ഗജ്ജാർ (11), രുചിത് അഹിർ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. മധ്യപ്രദേശിനു വേണ്ടി ആവേശ് ഖാൻ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ത്രിപുരേഷ് സിംഗ്, ശിവം ശുക്ല, രാഹുൽ ബതാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.