റോഡ് കൈയേറിയുള്ള സിപിഐ അനുകൂല സംഘടനയുടെ സമരം; പോലീസ് കേസെടുത്തു
Wednesday, December 11, 2024 11:56 AM IST
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡ് കൈയേറിയുള്ള സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ സമരത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിനും കാല്‍നട യാത്രക്കാര്‍ക്ക് മാര്‍ഗതടസം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്.
കണ്ടാലറിയാവുന്ന 100 പേരെ പ്രതിയാക്കിയാണ് കേസ്. ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തിലാണ് കന്റോണ്‍മെന്റ് പോലീസിന്റെ നടപടി.
കഴിഞ്ഞ ദിവസം വഞ്ചിയൂരിൽ സിപിഎം സമ്മേളനത്തിനായി റോഡ് അടച്ച് പന്തല്‍ കെട്ടിയ സംഭവത്തിലായിരുന്നു കോടതിയുടെ വിമർശനം. സംഭവത്തിൽ കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും പൊതുവഴികൾ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുൻ ഉത്തരവുകൾ ഒട്ടേറെയുണ്ടായിട്ടും ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച സർക്കാർ മാർഗരേഖ ഫ്രീസറിലായിരുന്നോയെന്നും കോടതി ചോദിച്ചിരുന്നു.