കടന്നാക്രമിച്ച് ബുംറ, തലയുയർത്തി ഹെഡ്; അഡ്ലെയ്ഡിൽ ഓസ്ട്രേലിയയ്ക്ക് ലീഡ്
Saturday, December 7, 2024 12:42 PM IST
അഡ്ലെയ്ഡ്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 180 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന ഓസീസ് ഭക്ഷണത്തിനു പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിട്ടുണ്ട്.
53 റൺസുമായി ട്രാവിസ് ഹെഡും രണ്ടു റൺസുമായി മിച്ചൽ മാർഷുമാണ് ക്രീസിൽ. ഉസ്മാൻ ഖവാജ (13), നഥാൻ മക്സ്വീനി (39), മാർനസ് ലബുഷെയ്ൻ (64), സ്റ്റീവ് സ്മിത്ത് (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. നിലവിൽ ഓസ്ട്രേലിയയ്ക്ക് 11 റണ്‍സിന്റെ ലീഡുണ്ട്.
ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ 29 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.
നേരത്തെ, ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് അഞ്ചു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നഥാൻ മക്സ്വീനിയുടെ വിക്കറ്റ് നഷ്ടമായി. 39 റൺസുമായി പിടിച്ചുനിന്ന മക്സ്വീനിയെ ജസ്പ്രീത് ബുംറ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവന്‍ സ്മിത്തിനെ നിലയുറപ്പിക്കും മുമ്പേ ബുംറ മടക്കിയതോടെ മൂന്നിന് 103 എന്ന നിലയിലായി ഓസീസ്.
പിന്നാലെ ക്രീസിൽ ഒന്നിച്ച മാർനസ് ലബുഷെയ്ന് - ട്രാവിസ് ഹെഡ് സഖ്യം 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോർ 168 റൺസിൽ നില്‍ക്കെ, മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ലബുഷെയ്നെ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ച് നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.