പ്രോബ-3 വിക്ഷേപണം മാറ്റിയ സംഭവം; സാങ്കേതിക പ്രശ്നം സ്ഥിരീകരിച്ച് ഇഎസ്എ
Wednesday, December 4, 2024 7:24 PM IST
ന്യൂഡൽഹി: പിഎസ്എൽവി വിക്ഷേപണം മാറ്റേണ്ടിവന്ന സാഹചര്യത്തിൽ ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്നം സ്ഥിരീകരിച്ച് യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ). ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് പ്രശ്നം. നിലവിൽ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. നാളെ വൈകിട്ട് 04.04 ന് വിക്ഷേപണം നടത്താനാണ് ശ്രമം.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇഎസ്എ) പ്രോബ-3 ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് മാറ്റിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് ഐഎസ്ആർഒ ഉപഗ്രഹ വിക്ഷേപണം മാറ്റിയത്. പിഎസ്എൽവി-സി 59 റോക്കറ്റ് ഉപയോഗിച്ച് പ്രോബ 3 ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനായിരുന്നു പദ്ധതി.
ഇന്ന് വൈകുന്നേരം 4.08നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. വിക്ഷേപണത്തിന് 44 മിനിറ്റ് ബാക്കിയുള്ളപ്പോൾ കൗണ്ട്ഡൗണ്‍ നിർത്തുകയായിരുന്നു.
ഇഎസ്എ നിര്‍മിച്ച കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3.
ബഹിരാകാശത്തു കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാൻ ലക്ഷ്യമിട്ടാണ് പ്രോബ 3 വിക്ഷേപണം നടത്തുന്നത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്.
ഭൂമിയിൽനിന്ന് അകലെ 60,530 കിലോമീറ്ററും അരികിൽ 600 കിലോമീറ്ററും ദൈർഘ്യമുള്ള ദീർഘ ഭ്രമണപഥത്തിൽ പരസ്പരം 150 മീറ്റർ അകലം പാലിച്ചാണ് പ്രോബ 3 ഇരട്ട ഉപഗ്രഹങ്ങൾ സഞ്ചരിക്കുക.
ഒറ്റത്തവണ തുടർച്ചയായി ആറ് മണിക്കൂർ സൂര്യന്റെ അന്തരീക്ഷപാളിയായ കൊറോണയെ നിരീക്ഷിക്കാൻ കഴിയുംവിധമാണ് ഇതിന്റെ യാത്രാപഥം നിശ്ചയിച്ചിരിക്കുന്നത്.