മാസപ്പടി കേസ്: എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍
Wednesday, December 4, 2024 5:27 PM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായുള്ള മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സിഎംആർഎൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മാസപ്പടി കേസിലെ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെയാണ് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷന് തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ല. കമ്മീഷന് ചട്ടപ്രകാരം നടപടികള്‍ രഹസ്യസ്വഭാവത്തിലായിരിക്കണം. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടിയെന്നും സിഎംആര്‍എല്‍ ചോദിച്ചു.
ഷോണിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും.