രാഹുൽ ഇന്ന് സംബാലിലേക്ക്; ഒഴിവാക്കണമെന്ന് പ്രാദേശിക ഭരണകൂടം
Wednesday, December 4, 2024 9:06 AM IST
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അഞ്ചു കോണ്ഗ്രസ് എംപിമാരും ഇന്ന് സംബാൽ സന്ദർശിച്ചേക്കും. ഉത്തർപ്രദേശ് കോണ്ഗ്രസ് അധ്യക്ഷൻ അജയ് റായ് ആണ് ഇക്കാര്യം അറിയിച്ചത്.
കോണ്ഗ്രസ് പ്രതിനിധി സംഘങ്ങളോടൊപ്പം വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംബാൽ സന്ദർശിക്കാൻ സാധ്യതയുണ്ട്. കലാപബാധിത പ്രദേശമായ സംബാലിലേക്ക് 10 വരെ പുറത്തുനിന്നുള്ളവർക്ക് നിരോധനം നിലനിൽക്കുന്ന സാഹചര്യമായതിനാൽ രാഹുലിന്റെ സന്ദർശനം മാറ്റിവയ്ക്കണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് ഇപ്പോൾ സ്ഥിതിഗതികൾ സാധാരണനിലയിലാണെന്നും രാഹുലിന്റെ സന്ദർശനം പ്രകോപനത്തിലേക്ക് നയിച്ചേക്കാമെന്നും മൊറാദാബാദ് ഡിവിഷണൽ കമ്മീഷണർ പറഞ്ഞു. രാഹുലിന്റെ സന്ദർശനം കണക്കിലെടുത്ത് യുപി പോലീസ് മിക്ക ജില്ലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംബാലിൽ മസ്ജിദ് സർവേക്കിടെയുണ്ടായ കലാപത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനു ശേഷം പ്രദേശം പോലീസ് കാവലിലാണ്.