ഭരണ പ്രതിസന്ധി; ദക്ഷിണകൊറിയയിൽ അടിയന്തരാവസ്ഥ
Wednesday, December 4, 2024 1:10 AM IST
സിയോള്‍: ദക്ഷിണ കൊറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് യൂണ് സുക് യോള്‍.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ആരോപിച്ച് ചൊവ്വാഴ്ച അടിയന്തര ദേശീയ പ്രസംഗത്തിലായിരുന്നു നടപടി പ്രഖ്യാപിച്ചത്.
ഒരു ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തര്‍ക്കം നിലനില്‍ക്കെയാണ് പ്രസിഡന്റിന്റെ നീക്കം. "ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്ന് ലിബറല്‍ ദക്ഷിണ കൊറിയയെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതാക്കുന്ന രാജ്യവിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കാനുമായി പട്ടാള നിയമം പ്രഖ്യാപിക്കുന്നു' എന്നാണ് തത്സമയ ടെലിവിഷന്‍ സംപ്രേഷണത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റിന്റെ പ്രഖ്യാപനം.
പ്രതിപക്ഷത്തെ കുറ്റവാളികളെന്ന് വിശേഷിപ്പിച്ച വൂണ്, രാജ്യത്തെ ലിബറല്‍ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലമെന്റില്‍ അനുചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും പ്രസിഡന്റ് ആരോപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സൈന്യം വ്യക്തമാക്കി. അസംബ്ലി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
അതേസമയം, തെറ്റായ സമയത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കി ഭരണപക്ഷമായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തി.