അതിതീവ്ര മഴ ഭീഷണിയൊഴിയുന്നു; ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ടില്ല, ഒമ്പതു ജില്ലകളിൽ മുന്നറിയിപ്പ്
Tuesday, December 3, 2024 3:43 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ ഭീഷണി ഒഴിയുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണുള്ളത്. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൂടാതെ, അടുത്ത മണിക്കൂറിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള- കർണാടക തീരങ്ങളിൽ ഇന്നും; ലക്ഷദ്വീപ് പ്രദേശത്ത് ഇന്നു മുതൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കർണാടക തീരത്തിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടുദിവസങ്ങളിലായി പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയിൽ മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ഇന്ന് കേരള- കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
വ്യാഴാഴ്ച വരെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
വ്യാഴാഴ്ച വരെ തെക്കുകിഴക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങൾ, മധ്യ കിഴക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.