ചാഞ്ചാട്ടത്തിനൊടുവിൽ തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 57,000ന് മുകളില്‍
Tuesday, December 3, 2024 12:07 PM IST
കൊച്ചി: ചാഞ്ചാട്ടങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചുകയറി സ്വർണവില. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 57,040 രൂപയിലും ഗ്രാമിന് 7,130 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ ഉയർന്ന് 5,890 രൂപയിലെത്തി.
തിങ്കളാഴ്ച പവന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്.
ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്. നവംബർ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.
നവംബർ 14,16,17 തീയതികളിൽ 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയ സ്വർണം പിന്നീടുള്ള ഒരാഴ്ചകൊണ്ട് വീണ്ടും കുതിച്ചുയരുകയും പിന്നീട് ഇടിയുകയും ചെയ്തു.
ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലും ലബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില കുറഞ്ഞത്. തുടർന്ന് വിലയിൽ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അതേസമയം, സ്വർണത്തിന് രാജ്യന്തരമായി വില കുറഞ്ഞിരിക്കെയാണ് കേരളത്തിൽ വില ഉയർന്നത്. രാജ്യാന്തര വില ഔൺസിന് 2,644 ഡോളർവരെ ഉയർന്നെങ്കിലും ഇപ്പോൾ വില 2,640 ഡോളറാണ്.
അതേസമയം, വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 97 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.