ക്ഷേമപെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുകൾ പുറത്തുവിടണമെന്ന് സതീശൻ
Sunday, December 1, 2024 3:38 PM IST
തിരുവനന്തപുരം: ജോലിയിലിരിക്കെ സാമൂഹിക പെൻഷൻ കൈപ്പറ്റിയവരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പേരുകൾ പുറത്തുവിട്ടില്ലെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയത്തിന്റെ നിഴലിലാകുമെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നൽകിയ കത്തിലാണ് സതീശൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം ക്രമക്കേട് പുറത്തുവന്നത് സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തെ ബാധിക്കരുത്. പെൻഷൻ കുടിശിക അടക്കം ഉടൻ കൊടുത്തു തീർക്കണം.
ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങൾ ഇതിന്റെ പേരിൽ നിഷേധിക്കപ്പെടരുതെന്നും സതീശൻ പറഞ്ഞു.
സാമൂഹിക സുരക്ഷ പെൻഷൻ പട്ടികയിൽ അനർഹരായ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുമ്പുതന്നെ സിഎജി റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതിൽ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ സിഎജിയെ അറിയിച്ചിരുന്നതാണ്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നത് അദ്ഭുതമാണെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.