ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ.സി. വേണുഗോപാൽ
Sunday, December 1, 2024 12:49 PM IST
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആലപ്പുഴയിലെ സുധാകരന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
സൗഹൃദ സന്ദർശനമെന്നായിരുന്നു ഇരു നേതാക്കളും പിന്നീട് പ്രതികരിച്ചത്. കെ.സിയുമായി ഏറെ നാളായി വ്യക്തിബന്ധമുള്ളയാളാണ് താനെന്ന് സുധാകരൻ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാൻ കഴിയാത്തതാണെന്നും സുധാകരൻ പ്രതികരിച്ചു.
തങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും സൗഹൃദ സന്ദർശനം മാത്രമാണെന്നും കെ.സി പറഞ്ഞു. രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി
അതേസമയം സിപിഎം അന്പലപ്പുഴ ഏരിയ സമ്മേളനത്തിൽനിന്നും സുധാകരനെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദർശനം.