ബംഗ്ലാദേശിൽ രണ്ട് ഹിന്ദു സന്ന്യാസിമാർ കൂടി അറസ്റ്റിൽ
Sunday, December 1, 2024 1:01 AM IST
കോൽക്കത്ത: ബംഗ്ലാദേശിൽ രണ്ട് ഹിന്ദു സന്ന്യാസിമാർ കൂടി അറസ്റ്റിൽ. ഇസ്കോൺ കോൽക്കത്ത വക്താവ് രാധാരാമൻ ദാസ് ആണ് ഇക്കര്യം അറിയിച്ചത്.
രണ്ട് സന്യാസിമാരെ കൂടി ബംഗ്ലാദേശിൽ പോലീസ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചു. ചിന്മയ പ്രഭുവിന് പ്രസാദവുമായി പോയ രണ്ട് ഭക്തരെ ക്ഷേത്രത്തിലേക്ക് മടങ്ങുമ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു. ചിന്മയ പ്രഭുവിന്റെ സെക്രട്ടറിയെയും കാണാതായി.- രാധാരാമൻ ദാസ് പിടിഐയോട് പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിൽ ഇസ്കോണിന്റേത് അടക്കം നാല് ഹിന്ദു ക്ഷേത്രങ്ങൾ കൂടി ആക്രമിക്കപ്പെട്ടു. ഭൈരബിലുള്ള ഇസ്കോൺ ക്ഷേത്രവും ചിറ്റഗോംഗിലെ മൂന്ന് ക്ഷേത്രങ്ങളുമാണ് ആക്രമിക്കപ്പെട്ടത്.
ന്യൂനപക്ഷ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയ അക്രമികൾ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി വിഗ്രഹങ്ങൾ അടക്കം തകർത്തു. ക്ഷേത്രങ്ങളിലുണ്ടായിരുന്നവർക്ക് നേരെ കല്ലേറുമുണ്ടായി.