ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; യുവാവ് അറസ്റ്റിൽ
Sunday, December 1, 2024 12:22 AM IST
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ മഹീന്ദ്ര ഥാർ എസ്യുവിയുടെ മുകളിൽ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയയാൾ പിടിയിൽ.
മുണ്ഡലി ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളെയാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പോലീസ് പിടികൂടിയത്. ഥാറിന് മുകളിൽ ഇയാൾ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ സമൂഹികമാധ്യങ്ങളിൽ വൈറലായി മാറിയിരുന്നു
എസ്യുവിയുടെ റൂഫിലേക്ക് ഇയാൾ മൺവെട്ടി കൊണ്ട് മണ്ണ് കയറ്റി ഇടുന്നതാണ് വിഡിയോയുടെ തുടക്കം. പിന്നീട് വാഹനവുമായി ഇയാൾ അമിതവേഗത്തിൽ റോഡിലൂടെ പോകുന്നതും റൂഫിലെ മണ്ണ് പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റു യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതും കാണാം. നിരവധി വാഹനങ്ങളാണ് ഈ സമയം റോഡിലുണ്ടായിരുന്നത്.
അഭ്യാസത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വിമർശനവുമായി രംഗത്തെത്തിയത്. ദൃശ്യങ്ങളിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞ മീററ്റ് പോലീസ് എസ്യുവിയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭ്യാസം നടത്തിയ ആളെ പിടികൂടിയ വിവരം പോലീസ് തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്.