സർക്കാരിനു വീണ്ടും തിരിച്ചടി; ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിലും സ്റ്റേയില്ല
Friday, November 29, 2024 6:08 PM IST
കൊച്ചി: ഡിജിറ്റൽ സർവകാലാശാല വൈസ് ചാൻസലർ നിയമനം സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.
സർവകലാശാലകൾക്ക് വൈസ് ചാൻസലർമാർ ഇല്ലാതിരിക്കുന്നത് നല്ലതല്ല എന്നായിരുന്നു കോടതി നിരീക്ഷണം. ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റി. ചാൻസലറായ ഗവർണർക്കും പുതിയ വിസി സിസ തോമസിനും നോട്ടീസ് അയക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. കെ.ശിവപ്രസാദിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലും കോടതി സ്റ്റേ ആവശ്യം തള്ളിയിരുന്നു.
വൈസ് ചാൻസലർ ഇല്ലാത്ത സാഹചര്യം അനുവദിക്കാൻ ആകില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം നിരസിച്ചത്.