വ്ലോഗറുടെ കൊലപാതകം; കണ്ണൂർ സ്വദേശി ആരവ് പിടിയില്‍, ബംഗളൂരുവിലെത്തിക്കും
Friday, November 29, 2024 3:38 PM IST
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്മെന്റിൽ ആസാം സ്വദേശിയായ വ്ലോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സ്വദേശി ആരവ് ഹനോയ് പിടിയില്‍. കര്‍ണാടക പോലീസ് പ്രാദേശിക പോലീസിന്റെ സഹായത്തോടെ ഉത്തരേന്ത്യയില്‍നിന്നാണ് ആരവിനെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാത്രിയോടെ ആരവിനെ ബംഗളൂരുവിലെത്തിക്കും. ആരവ് ഹാനോയ് പോലീസിനെ വിളിച്ച് കീഴടങ്ങാൻ തയാറാണെന്ന് അറിയിക്കുകയായിരുന്നു. കണ്ണൂര്‍ തോട്ടട സ്വദേശിയാണ് ഇരുപത്തിയൊന്നുകാരനായ ആരവ്. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സലറായി ജോലിചെയ്യുകയായിരുന്നു.
മായയുമായി ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു ആരവ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും പ്രണയ ബന്ധത്തിലുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ചൊവ്വാഴ്ച്ചയാണ് ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ റോയല്‍ ലിവിംഗ്സ് സര്‍വീസ് അപ്പാർട്മെന്റിൽ മായയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അന്നുതന്നെ ആരവ് ബംഗളൂരുവിൽനിന്നും രക്ഷപ്പെട്ടിരുന്നു.
മായയും ആരവും നവംബർ 23നാണ് സര്‍വീസ് അപ്പാർട്മെന്റിൽ മുറിയെടുത്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയില്‍ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ എട്ടിനുശേഷമാണ് പുറത്തുപോയത്.
ഇതിനുപിന്നാലെ മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും തലയിലും ഉള്‍പ്പെടെ പരിക്കേറ്റ് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ആരവ് കത്തി കരുതിയിരുന്നതായും പ്ലാസ്റ്റിക് കയര്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതായും പോലീസ് കണ്ടെത്തിയിരുന്നു. താമസസ്ഥലത്തുനിന്ന് ആരവ് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.