മുംബൈയെ അടിച്ചുപറത്തി സൽമാനും രോഹനും; കേരളം അഞ്ചിന് 234, നിരാശപ്പെടുത്തി സഞ്ജു
Friday, November 29, 2024 1:52 PM IST
ഹൈദരാബാദ്: സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ട്വന്റി20 ടൂര്‍ണമെന്റില്‍ മുംബൈയ്ക്കെതിരേ കേരളത്തിന് പടുകൂറ്റന്‍ സ്കോര്‍. കേരളം നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു.
സഞ്ജു സാംസണ് ബാറ്റിംഗ് പരാജയമായെങ്കിലും രോഹന് എസ്. കുന്നുമ്മലും സല്മാന് നിസാറും ചേർന്നു നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. രോഹന് 48 പന്തില്‍ 87 റണ്‍സെടുത്തപ്പോള്‍ സല്മാന് 49 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നാലുറൺസെടുക്കവേ സഞ്ജുവിനെ നഷ്ടമായി. നാലു പന്തിൽ നാലുറൺസെടുത്ത താരം ശാർദുൽ താക്കൂറിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു.
പിന്നാലെ മോഹിത് ആവസ്തിക്ക് വിക്കറ്റ് സമ്മാനിച്ച് മുഹമ്മദ് അസ്ഹറുദ്ദീനും (13) മടങ്ങിയതോടെ കേരളം 3.5 ഓവറില്‍ രണ്ടിന് 40 എന്ന നിലയിലായി. പിന്നാലെ സച്ചിന് ബേബി (ഏഴ്) പരിക്കേറ്റ് മടങ്ങുകയും ചെയ്തു.
പിന്നീട് മൂന്നാംവിക്കറ്റിൽ ഒന്നിച്ച രോഹന് എസ്. കുന്നുമ്മലും സല്മാന് നിസാറും ചേര്‍ന്ന് അതിവേഗം സ്കോർ ഉയർത്തി. 15 ഓവറില്‍ ടീമിനെ 150 കടത്തിയ ഇരുവരും ചേർന്ന് 74 പന്തിൽ 131 റൺസാണ് അടിച്ചുകൂട്ടിയത്.
സ്കോർ 180 റൺസിൽ നില്‍ക്കെ രോഹനെ മോഹിത് ആവസ്തിയുടെ കൈകളിലെത്തിച്ച് ഷംസ് മുലാനി മുംബൈയ്ക്ക് ബ്രേക്ക്ത്രൂ നല്കി. 48 പന്തിൽ അഞ്ചു ഫോറുകളും ഏഴു സിക്സറുമുൾപ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
പിന്നാലെ ക്രീസിലെത്തിയ വിഷ്ണു വിനോദ് ആദ്യ പന്തില്‍തന്നെ മോഹിത്തിനെ സിക്സറിനു പറത്തി ആരംഭിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. അടുത്ത പന്തില്‍ പി.എ. അബ്ദുള്‍ ബാസിതിനെയും മോഹിത് പുറത്താക്കിയതോടെ കേരളം അഞ്ചിന് 187 റൺസെന്ന നിലയിലായി.
പിന്നീട് എം. അജ്നാസിനെ ഒരറ്റത്തു നിർത്തി സൽമാൻ നിസാർ വെടിക്കെട്ട് തുടർന്നു. 19-ാം ഓവറില്‍ കേരളത്തെ 200 കടത്തി. ഇന്നിംഗ്സിലെ അവസാന പന്ത് സിക്സറിന് തൂക്കി ഫിനിഷ് ചെയ്തെങ്കിലും ഒരു റണ്ണകലെ സൽമാന് സെഞ്ചുറി നഷ്ടമായി. 49 പന്തിൽ അഞ്ചു ഫോറുകളും എട്ടു സിക്സറുമുൾപ്പെടുന്നതായിരുന്നു സൽമാന്റെ തകർപ്പൻ ഇന്നിംഗ്സ്.
മുംബൈയ്ക്കു വേണ്ടി മോഹിത് ആവസ്തി 44 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. ശാർദുൽ താക്കൂർ ഒരു വിക്കറ്റും നേടി.