ഇനിയും കുറഞ്ഞാൽ കുറച്ചിലാകും! സ്വർണവില വീണ്ടും ടോപ് ഗിയറിൽ, ഒറ്റയടിക്ക് 560 രൂപ കൂടി
Friday, November 29, 2024 12:21 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,280 രൂപയിലും ഗ്രാമിന് 7,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 5,915 രൂപയിലെത്തി.
നേരത്തെ, രണ്ടു ദിവസം കൊണ്ട് 1800 രൂപയോളം ഇടിഞ്ഞ സ്വർണവിലയിൽ ബുധനാഴ്ച 200 രൂപയുടെ വർധനയുണ്ടായിരുന്നു. തിങ്കളാഴ്ച പവന് 800 രൂപയും ചൊവ്വാഴ്ച 960 രൂപയുമാണ് കുറഞ്ഞത്. തുടർന്ന് വ്യാഴാഴ്ച പവന് 120 രൂപയും കുറഞ്ഞതിനു ശേഷമാണ് ഇന്ന് കുതിച്ചുയർന്നത്.
നേരത്തെ, ആറു ദിവസത്തിനിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയ ശേഷമാണ് തിങ്കളാഴ്ച സ്വർണവില കുത്തനെ താഴേക്കുപോയത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. നവംബർ 14,16,17 തീയതികളിൽ 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയ സ്വർണം പിന്നീടുള്ള ഒരാഴ്ചകൊണ്ട് വീണ്ടും കുതിച്ചുയരുകയായിരുന്നു. വീണ്ടും റിക്കാർഡ് നിരക്കിലേക്ക് കുതിക്കുമെന്ന് കരുതിയിരുന്നിടത്താണ് തിങ്കളാഴ്ച കനത്ത ഇടിവ് നേരിട്ടത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഔണ്‍സിന് 2,630 ഡോളര്‍ നിലയിലുണ്ടായിരുന്ന രാജ്യാന്തര സ്വര്‍ണവില 2,662 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
അതേസമയം വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് ഒരു രൂപയാണ് കൂടി 97 രൂപയിലെത്തി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.