ഭരണവിരുദ്ധ വികാരം ഇല്ലെന്നുതന്നെ നിങ്ങൾ വിശ്വസിക്കുക: സർക്കാരിനെ പരിഹസിച്ച് സതീശൻ
Saturday, November 23, 2024 2:00 PM IST
പാലക്കാട്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് മന്ത്രിമാർ പറയുന്നതെന്നും അങ്ങനെ തന്നെ നിങ്ങൾ വിശ്വസിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രി തിളങ്ങി നിൽക്കുകയാണെന്നാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്. എങ്ങനെയാണ് മുഖ്യമന്ത്രി തിളങ്ങി നിൽക്കുന്നതെന്നും സതീശൻ ചോദിച്ചു.
സംസ്ഥാനത്ത് നിരവധി ഉപതെരഞ്ഞെടുപ്പുകൾ നടന്നു. തൃക്കാകരയിലും പുതുപ്പള്ളിയിലും ഭൂരിപക്ഷം വർധിപ്പിച്ചാണ് യുഡിഎഫ് വിജയിച്ചത്. പാലക്കാട്ട് ഭൂരിപക്ഷം വർധിപ്പിച്ചാണ് രാഹുൽ ജയിച്ചത്. ചേലക്കരയിൽ എൽഡിഎഫിന് 28000 വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
കോണ്‍ഗ്രസിൽനിന്നും ബിജെപിയിൽ സീറ്റു ചോദിച്ചു പോയ ഒരാളെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയതിലൂടെ സിപിഎം രണ്ടാം സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അവകാശമാണ് നഷ്ടപ്പെടുത്തിയത്. മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിയെ വിജയിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്.
ബിജെപിയുടെയും സിപിഎമ്മിന്റെയും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചവർക്ക് കൂടി അവകാശപ്പെട്ടാണ് യുഡിഎഫിന്റെ ഭൂരിപക്ഷമെന്നും സതീശൻ പരിഹസിച്ചു. സംഘപരിവാർ പോലും നാണിച്ചു പോകുന്ന വർഗീയ പ്രചാരണമാണ് സിപിഎം നടത്തിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.