തണ്ട് ഒടിഞ്ഞ് താമര; കോട്ട കീഴടക്കി രാഹുൽ
ക്രിസ്റ്റോമോൻ തോമസ്
Saturday, November 23, 2024 1:05 PM IST
പാലക്കാട്: ശക്തമായ ത്രികോണ മത്സരത്തിൽ പാലക്കാട് എൻഡിഎ സ്ഥാനാർഥിയെ ബഹുദൂരം പിന്നിലാക്കി രാഹുൽ മാങ്കൂട്ടത്തിലിന് തകർപ്പൻ വിജയം.18724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ടയിൽ നിന്ന് എത്തിയ രാഹുൽ പാലക്കാടൻ കോട്ട കീഴടക്കിയത്. വൻ ലീഡ് പ്രതീക്ഷിച്ച നഗരസഭയിൽ യുഡിഎഫും എൽഡിഎഫും വോട്ട് വർധിപ്പിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.
2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ഏഴായിരം വോട്ട് അവർക്ക് കുറഞ്ഞു. 2021 ൽ നഗരസഭയിൽ ബിജെപി 34143 വോട്ട് നേടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 29355 വോട്ടും കിട്ടിയിരുന്നു. എന്നാൽ ഇക്കുറി 27077 വോട്ട് മാത്രമാണ് നേടാനായത്. 7066 വോട്ട് 2021 നെ അപേക്ഷിച്ച് കുറഞ്ഞു.
നഗരസഭയിൽ കോൺഗ്രസ് മുന്നേറ്റം
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബിജെപി മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് പിന്നോക്കം പോവുകയായിരുന്നു. ബിജെപിക്ക് നഷ്ടപ്പെട്ട വോട്ടുകളുടെ ഭൂരിഭാഗവും കോൺഗ്രസ് പാളയത്തിലെത്തി.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മണ്ഡലത്തിൽ ഇത്തവണ വിജയിച്ച് കയറാം എന്ന വിശ്വാസത്തിലാണ് പ്രാദേശികമായി ഏറെ ബന്ധമുള്ള സി.കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയത്. എങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിയാതെ വന്നതിന്റെ അങ്കലാപ്പിലാണ് ബിജെപി നേതൃത്വം.
പാളയത്തിൽപട തിരിച്ചടിയായോ
എ ക്ലാസ് മണ്ഡലത്തിൽ തങ്ങൾക്കേറ്റ കനത്ത തിരിച്ചടിയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി. സ്ഥാനാർഥി നിർണയത്തിലെ കല്ലുകടിയും സന്ദീപ് വാര്യരുടെ പുറത്തുപോകലും ബിജെപിക്ക് കനത്ത തിരിച്ചടിയായി എന്നാണ് പ്രാഥമിക നിഗമനം.
സ്ഥാനാർഥി നിർണയത്തിന്റെ ഒരു ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെയും സന്ദീപ് വാര്യരുടെയും പേരുകൾ കേട്ടിരുന്നു. പിന്നീട് പ്രാദേശികമായി ഏറെ ബന്ധമുള്ള സി.കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലെ സ്റ്റേജിൽ നിന്ന് സന്ദീപ് വാര്യരെ ഒഴിവാക്കിയതും പിന്നീട് അദ്ദേഹം പാർട്ടി വിട്ടതും തിരിച്ചടിയായി.
പാലക്കാട് സ്ഥാപിച്ച ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ചതും അണികളുടെ ചേരിതിരിഞ്ഞുള്ള പോരുകളും പരിഹരിക്കാൻ നേതൃത്വം ഇടപെടാത്തതും തിരിച്ചടിയായി എന്നുവേണം കരുതാൻ. പ്രചാരണത്തിൽ നിന്ന് ചില കൗൺസിലർമാർ വിട്ടുനിന്നത് ബിജെപി നേതൃത്വം ഗൗരവമായി കാണാത്തതും വോട്ടിംഗിനെ പ്രതികൂലമായി ബാധിച്ചു. ഇതെല്ലാം വരും ദിവസങ്ങളിൽ ചർച്ചയാകും.
വോട്ട് വർധിപ്പിച്ച് ഡോ.പി.സരിൻ
സീറ്റ് ലഭിക്കാതെ വന്നതോടെ കോൺഗ്രസിൽ നിന്ന് രാജിവച്ച് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഡോ.പി.സരിൻ വോട്ട് വർധിപ്പിച്ചത് സിപിഎമ്മിന് നേട്ടമായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നേറ്റം നടത്താൻ കഴിയാതിരുന്ന അദ്ദേഹം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയും മൂന്നാം സ്ഥാനത്തായ എൽഡിഎഫും തമ്മിൽ 2250 വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്. പരസ്യവിവാദവും യുഡിഎഫ് നേതാക്കൾ താമസിച്ച ഹോട്ടലിലെ രാത്രി റെയ്ഡും എൽഡിഎഫിന് തിരിച്ചടിയായെങ്കിലും വോട്ട് വർധിപ്പിച്ചത് നേട്ടമായി.