ചന്നപട്ടണയിൽ കുമാരസ്വാമിയുടെ മകൻ പിന്നിൽ; ഷിഗ്ഗാവിൽ ബിജെപിക്ക് മുന്നേറ്റം, സണ്ടൂരിൽ കോൺഗ്രസ്
Saturday, November 23, 2024 11:48 AM IST
ബംഗളൂരു: കർണാടകയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സണ്ടൂർ, ഷിഗ്ഗാവ്, ചന്നപട്ടണ എന്നിവിടങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഷിഗ്ഗാവയിൽ ബിജെപിയുടെ ഭാരത് ബൊമ്മൈ ലീഡ് നില ഉയർത്തി മുന്നേറുകയാണ്. ഏഴാം റൗണ്ട് വോട്ടെണ്ണലിൽ 1000 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ഭാരതിന്റെ മുന്നേറ്റം.കോൺഗ്രസിന്റെ യാസിർ അഹമ്മദ് ഖാൻ പത്താൻ തൊട്ടുപിന്നിൽ തന്നെയുണ്ട്.
ചന്നപട്ടണയിൽ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ എൻഡിഎ സ്ഥാനാർഥി നിഖിൽ കുമാരസ്വാമിയും കോൺഗ്രസ് സ്ഥാനാർഥി സി.പി. യോഗേശ്വറും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
രാവിലെ പത്തുവരെ നിഖിലായിരുന്നു മുന്നിലെങ്കിൽ പത്തു കഴിഞ്ഞപ്പോൾ ട്രെന്റ് മാറി. കോൺഗ്രസ് സ്ഥാനാർഥി സി.പി. യോഗേശ്വർ 21,966 വോട്ടിന്റെ ലീഡുമായി മുന്നേറി.
നിഖിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസിലെത്തിയതാണ് സി.പി. യോഗേശ്വർ. നവംബർ 13 ന് നടന്ന വോട്ടെടുപ്പിൽ ചന്നപട്ടണയിൽ 88.81% പോളിംഗ് രേഖപ്പെടുത്തിരുന്നു. സണ്ടൂരിൽ കോൺഗ്രസ് എംപി ഇ. തുക്കാറാമിന്റെ ഭാര്യ ഇ. അന്നപൂർണ വ്യക്തമായ മേൽക്കൈ നേടിയിട്ടുണ്ട്.
നടൻ നിഖിൽ കുമാരസ്വാമിയുടെ പ്രചാരണം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും മേഖലയിലെ ജെഡി (എസ്) ബന്ധങ്ങളും കാരണം ശ്രദ്ധ ആകർഷിച്ചിരുന്നു. മറുവശത്ത് നടനും രാഷ്ട്രീയക്കാരനുമായ യോഗേശ്വര നാമനിർദ്ദേശം ചെയ്യുന്നതിനുമുമ്പ് ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയതും രാഷ്ട്ട്രീയ മത്സരത്തിന് കൂടുതൽ ആക്കം കൂട്ടി.