മഹാരാഷ്ട്രയിൽ എൻഡിഎ തരംഗം; ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം മുന്നിൽ
Saturday, November 23, 2024 10:17 AM IST
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന മഹാരാഷ്ട്രയിൽ എൻഡിഎ തരംഗം. ആകെയുള്ള 288 സീറ്റുകളിൽ 211 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇന്ത്യാ സഖ്യം 68 സീറ്റുകളിൽ മാത്രമാണ് ലീഡു ചെയ്യുന്നത്.
149 സീറ്റിൽ മത്സരിച്ച ബിജെപി 97 ഇടത്തും, 81 ഇടത്ത് മത്സരിച്ച ശിവസേന ഷിൻഡെ 50 സീറ്റിലും 59 ഇടത്ത് മത്സരിച്ച എൻസിപി അജിത് പവാർ വിഭാഗം 31 സീറ്റിലും ലീഡു ചെയ്യുകയാണ്. 101 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 24 ഇടത്ത് മാത്രം ലീഡ് ചെയ്യുന്നു. 95 ഇടത്ത് മത്സരിച്ച ശിവസേന (യുബിടി) 19 സീറ്റിലും 86 ഇടത്ത് മത്സരിച്ച എൻസിപി (എസ്പി) 25 ഇടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ മുന്നിലാണ്. ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി യുഗേന്ദ്ര പവാർ പിന്നിലാണ്.
ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം മുന്നിലാണ്. ആകെയുള്ള 81 സീറ്റുകളിൽ 50 സീറ്റുകളിൽ ഇന്ത്യാ സഖ്യം ലീഡ്ചെയ്യുന്നു. 26 സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. മൂന്നു സീറ്റുകളിൽ സ്വതന്ത്രരാണ് മുന്നിൽ. 41 ആണ് ജാർഖണ്ഡിലെ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റ് നില.
മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപയ് സോറൻ എന്നിവർ മുന്നിലാണ്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാൻഡി ധൻവാറിൽ പിന്നിലാണ്.