റിസോർട്ടുകൾ, ഹെലികോപ്ടർ, നിരീക്ഷകർ: മഹാരാഷ്ട്രയിൽ കരുനീക്കങ്ങൾ സജീവം
Saturday, November 23, 2024 9:48 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെണ്ണൽ പുരോഗമിക്കേ നിർണായക നീക്കങ്ങളുമായി മുന്നണികൾ. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം. എന്നാൽ, തൂക്കുസഭ വരുന്ന സാഹചര്യമുണ്ടായാല്‍ കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് എല്ലാ പാര്‍ട്ടികളും ജാഗ്രതയിലാണ്.
വിജയിക്കുന്ന എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി മുന്നണി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കോണ്‍ഗ്രസ് ഭരണമുള്ള കര്‍ണാടകയിലെ ബംഗളൂരു, തെലുങ്കാന എന്നിവിടങ്ങളിലാണ് എംഎല്‍എമാര്‍ക്കായി റിസോര്‍ട്ട് ബുക്ക് ചെയ്തിരിക്കുന്നത്.
ഫലമറിഞ്ഞാലുടന്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ കാലതാമസമുണ്ടാകാതിരിക്കാന്‍ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, ജി. പരമേശ്വര എന്നിവരെ നിരീക്ഷകരായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്. ഡി.കെ. ശിവകുമാറിനാണ് എംഎല്‍എമാരെ ഒന്നിച്ച് നിര്‍ത്താനുള്ള ചുമതല.
അതേസമയം ആദ്യഘട്ടത്തിൽ മികച്ച ലീഡുണ്ടെങ്കിലും ബിജെപി മുന്നണിയായ മഹായുതിയും കരുതലിലാണ്. എംഎല്‍എമാരെ കൊണ്ടുപോകാന്‍ ഹെലികോപ്ടര്വരെ സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം, തൂക്കുസഭ വന്നാൽ സംസ്ഥാന ഭരണം പിടിക്കാൻ എൻസിപി അധ്യക്ഷൻ ശരത് പവാറും നീക്കം നടത്തുന്നതായാണ് വിവരം. എൻസിപി അജിത് പവാർ പക്ഷത്തെ ഒപ്പം നിർത്താനാണ് ശ്രമം. വിജയ സാധ്യതയുള്ള എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാഥികളുമായി ശരത് പവാര്‍ പക്ഷത്തെ നേതാക്കള്‍ ചർച്ച നടത്തിയിട്ടുണ്ട്.