പെര്‍ത്തില്‍ കൊടുങ്കാറ്റായി ബുംറ; അഞ്ചുവിക്കറ്റ് നേട്ടം, തകർന്നടിഞ്ഞ് ഓസീസ്
Saturday, November 23, 2024 9:12 AM IST
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ. ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയ 104 റൺസിനു പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ നായകൻ ജസ്പ്രീത് ബുംറയാണ് ആതിഥേയരെ വീഴ്ത്തിയത്. ഇതോടെ ഇന്ത്യയ്ക്ക് നിലവിൽ 46 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡുണ്ട്.
ഏഴിന് 67 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് അലക്സ് കാരിയുടെ (21) വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ കാരിയെ പന്തിന്റെ കൈകളിലെത്തിച്ച ബുംറ പെർത്തിൽ തന്റെ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു.
പിന്നാലെ ഒമ്പതു റൺസിനിടെ നഥാൻ ലയണിനെ (അഞ്ച്) ഹർഷിത് റാണ രാഹുലിന്റെ കൈകളിലെത്തിച്ചതോടെ ഓസ്ട്രേലിയ ഒമ്പതിന് 79 റൺസെന്ന ദയനീയ സ്ഥിതിയിലായി. പിന്നീട് ക്രീസിൽ ഒന്നിച്ച മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസിൽവുഡും ചേർന്ന് പിടിച്ചുനില്‍ക്കാനുള്ള ശ്രമം നടത്തി. ഇരുവരും ചേർന്ന് അവസാന വിക്കറ്റിൽ 110 പന്തിൽ 25 റൺസ് കൂട്ടിച്ചേർത്തു.
ഒടുവിൽ പിടിച്ചുനിന്ന സ്റ്റാർക്കിനെ ഉച്ചഭക്ഷണത്തിനു തൊട്ടുമുമ്പ് വിക്കറ്റിനു പിന്നിൽ പന്തിന്റെ കൈകളിലെത്തിച്ച് ഹർഷിത് റാണ ഓസ്ട്രേലിയയുടെ വിക്കറ്റ് വീഴ്ച പൂർത്തിയാക്കി. 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. ഏഴു റൺസുമായി ജോഷ് ഹേസിൽവുഡ് പുറത്താകാതെ നിന്നു.
16 ഓവറിൽ 29 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുംറ അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. ഹർഷിത് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി.