കെഎസ്ആർടിസിയിൽ ഹിതപരിശോധന ഉടൻ
പ്രദീപ് ചാത്തന്നൂർ
Thursday, November 14, 2024 9:46 PM IST
ചാത്തന്നൂർ: കെഎസ് ആർടിസിയിൽ അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കാൻ ഹിതപരിശോധന അടുത്ത വർഷം ആദ്യം നടത്തും. അതിനുള്ള വിജ്ഞാപനം ഈ മാസം തന്നെ പ്രസിദ്ധീകരിക്കാനാണ് നീക്കം.
ഹിതപരിശോധന ഉടൻ നടത്തുമെന്നും തീയതി കൃത്യമായി നിശ്ചയിച്ചിട്ടില്ലെന്നും ഭരണ വിഭാഗത്തിന്റെ കൂടി ചുമതലയുള്ള ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു. ഹിതപരിശോധനയുടെ റിട്ടേണിംഗ് ഓഫീസറായി അഡീഷണൽ ലേബർ കമ്മീഷണറെയായിരിക്കും നിയോഗിക്കുക.
നിലവിൽ കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി സംഘടനകൾ ഇല്ലാത്ത അവസ്ഥയാണ്. ഹിതപരിശോധനയിലൂടെ തെരഞ്ഞെടുക്കപ്പെട്ട അംഗീകൃത യൂണിയനുകളുടെ കാലാവധി കഴിഞ്ഞിട്ട് ആറ് മാസം കൂടി കാലാവധി നീട്ടി നല്കി.
അത് കഴിഞ്ഞിട്ട് ഇപ്പോൾ ആറ് മാസമായിട്ട് അംഗീകൃതയൂണിയൻ പ്രതിനിധികളുമായി ചർച്ച നിയമപരമായി നടത്താൻ കഴിയാത്ത അവസ്ഥയാണ്.
നയപരമായ തീരുമാനങ്ങളെടുക്കണമെങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ യൂണിയനുകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ചർച്ച നടത്തേണ്ടിവരും. അതൊഴിവാക്കാനാണ് ഹിതപരിശോധന നടത്തി അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കാൻ മാനേജ്മെന്റ് നീക്കം ആരംഭിച്ചത്.
2016-ൽ നടന്ന ഹിതപരിശോധനയിൽ 52 ശതമാനം വോട്ട് നേടി സിഐടിയു നേതൃത്വത്തിലുള്ള എംപ്ലോയീസ് അസോസിയേഷൻ വിജയിച്ചു. യു ഡി എഫ് നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫ്രണ്ടും അംഗീകാരം നേടി. ഈ രണ്ട് സംഘടനകൾക്ക് മാത്രമാണ് അന്ന് അംഗീകാരം ലഭിച്ചത്.
2020 ൽ നടന്ന ഹിതപരിശോധനയിൽചരിത്രത്തിലാദ്യമായി ബിഎംഎസ് നേതൃത്വത്തിലുള്ള എംപ്ലോയീസ് സംഘ് അംഗീകൃത തൊഴിലാളി യൂണിയനായി തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്ആർടിസിയിൽ നിലവിൽ സ്ഥിരം ജീവനക്കാരായി 22000 ത്തിലധികം പേരാണുള്ളത്. കഴിഞ്ഞ ഹിതപരിശോധനയിൽ എം പാനൽ കാർ ഉൾപ്പെടെ 29 000 പേർക്ക് വോട്ടുണ്ടായിരുന്നു.
എം പാനലുകാർക്ക് വോട്ടവകാശം നല്കിയതിനെതിരെ ചില യൂണിയനുകൾ കോടതിയെ സമീപിക്കുകയുണ്ടായി. പരാതി കളും കേസുകളും ഒഴിവാക്കാനായി ഇത്തവണ വോട്ടവകാശം സ്ഥിരം ജീവനക്കാർക്ക് മാത്രമാക്കാനാണ് വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ നീക്കം. നവംബർ അവസാന ആഴ്ച വിജ്ഞാപനം പുറപ്പെടുവിച്ച് 2025 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ വോട്ടെടുപ്പ് നടത്താനാണ് നീക്കം.