കോണ്ഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന് സിദ്ധരാമയ്യ
Thursday, November 14, 2024 4:07 PM IST
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാൻ ബിജെപി 50 കോൺഗ്രസ് എംഎൽഎമാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
ഈ പണം എവിടെ നിന്ന് വരുന്നു. ബി.എസ്. യെദിയൂരപ്പയും ബസവരാജ് ബൊമ്മൈയും നോട്ടുകൾ അച്ചടിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇത് അഴിമതി പണമാണ്. അവരുടെ കൈയിൽ കോടികളുണ്ട്. അവർ ഇത് ഉപയോഗിച്ച് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു.
തങ്ങളുടെ എംഎൽഎമാർ വഴങ്ങിയില്ല. അതിനാൽ അവർ എന്നെ കളങ്കിതനെന്ന് മുദ്രക്കുത്തി നീക്കം ചെയ്യാൻ ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.