നടി കസ്തൂരിക്ക് തിരിച്ചടി; അപകീർത്തി കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി
Thursday, November 14, 2024 12:29 PM IST
ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം സംബന്ധിച്ച കേസിൽ നടി കസ്തൂരിക്ക് തിരിച്ചടി. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ജസ്റ്റീസ് ആനന്ദ് വെങ്കിടേഷാണ് വാദം കേട്ടത്.
തെലുങ്ക് സംസാരിക്കുന്നവർക്കെതിരേ അപകീർത്തി പരാമർശം നടത്തിയതിൽ കേസെടുത്തതിനു പിന്നാലെ കസ്തൂരി ഒളിവിൽ പോയിരുന്നു. ബ്രാഹ്മണ സമുദായത്തിനെതിരെ തുടർച്ചയായി നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകളിൽ അപലപിച്ച് ചെന്നൈയിലെ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിൽ ഒക്ടോബര്‍ മൂന്നിന് നടത്തിയ പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുന്ന വേളയിലാണ് കസ്തൂരി വിവാദ പ്രസ്താവന നടത്തിയത്.
തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയവരുടെ പിൻതലമുറക്കാരാണ് തെലുങ്കർ എന്നാണ് നടി പറഞ്ഞത്. എന്നാൽ ഇത് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. തുടര്‍ന്ന് കസ്തൂരി സോഷ്യല്‍ മീഡിയയില്‍ വിശദീകരണം നല്‍കിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാൻ കസ്തൂരി വീട്ടിൽ ഒരു പത്രസമ്മേളനം സംഘടിപ്പിക്കുകയും തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് താരം മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും തെലുങ്ക് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിട്ടും തനിക്കെതിരേ കേസെടുത്തതായും കസ്തൂരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.