മികച്ച മാലിന്യപരിപാലനം; സ്റ്റാർ റേറ്റിംഗ് ഏർപ്പെടുത്തുന്നു
Wednesday, November 13, 2024 3:17 AM IST
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിലെ പ്രവർത്തന മികവിന് സ്റ്റാർ റേറ്റിംഗ് ഏർപ്പെടുത്തുന്നു. പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കടക്കം റേറ്റിംഗ് ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇതോടെ മാലിന്യ പരിപാലന സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ റേറ്റിംഗ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചു.
ആശുപത്രികൾ, ആരോഗ്യ രംഗത്തെ മറ്റ് സ്ഥാപനങ്ങൾ, അങ്കണവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെഎസ്ആർടിസി, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ സംസ്ഥാന തലത്തിൽ റേറ്റിംഗിന് വിധേയമാക്കും. ഗ്രീൻ ലീഫ് റേറ്റിംഗ് എന്ന് പേരിട്ടിരിക്കുന്ന റേറ്റിംഗ് പ്രക്രിയയിൽ പൊതുജനങ്ങൾക്കും ഓരോ മേഖലകളെയും വിലയിരുത്താനാവും.
മൊത്തം 200 മാർക്ക് നിശ്ചയിച്ചിട്ടുള്ള റേറ്റിംഗിൽ 50 മാർക്ക് ശൗചാലയ മാലിന്യ സംസ്കരണത്തിനും, 40 മാർക്ക് ശുചിമുറികൾക്കും, 50 മാർക്ക് മലിന ജല സംസ്കരണത്തിനും, 40 മാർക്ക് ഖര മാലിന്യ സംസ്കരണത്തിനുമാണ്. 20 മാർക്ക് ഹരിത ചട്ടപാലനത്തിനും ശുചിത്വ മാലിന്യ നിർമാർജ്ജനത്തിനായുള്ള വിവര വിജ്ഞാന വ്യാപനത്തിനുമായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
ഓരോ മേഖലയിലും മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെയും, പൊതു ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ. സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സ്വയം ഡിക്ലയർ ചെയ്യാനുള്ളതാണ് ആദ്യ ഘട്ടം. അങ്ങനെ സ്വയം വിലയിരുത്തി പ്രഖ്യാപനം നടത്തുന്ന ഇടങ്ങളിലേക്ക് സർക്കാർ, ശുചിത്വ മിഷന്റെ മേൽനോട്ടത്തിൽ നിയോഗിക്കുന്ന അംഗീകൃത ഏജൻസികൾ നേരിട്ടെത്തി പരിശോധന നടത്തും.
തെറ്റായ വിവരങ്ങൾ നൽകി സെൽഫ് ഡിക്ലറേഷൻ നടത്തുന്നവർക്ക് നെഗറ്റീവ് മാർക്ക് നൽകും. ആദ്യ ഘട്ടത്തിലെ ഫീൽഡ് തല പരിശോധനാ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടത് കളക്ടർമാരുടെ മേൽനോട്ടത്തിൽ അതത് ജില്ലാ ശുചിത്വ മിഷനുകളാണ്. ജില്ലാതല അപ്രൂവൽ കമ്മിറ്റിയിൽ ജില്ലാ കളക്ടർ അധ്യക്ഷനാകും. സംസ്ഥാനതലത്തിൽ ഇത് ചീഫ് സെക്രട്ടറിയായിരിക്കും.
അഞ്ചിലധികം മുറികൾ വാടകയ്ക്ക് നൽകുന്ന ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ശാസ്ത്രീയത വിലയിരുത്തുന്നതിന് കഴിഞ്ഞ മാസം റേറ്റിംഗ് പൂർത്തിയാക്കിയിരുന്നു. സ്വച്ഛ ഭാരത് മിഷൻ ഏർപ്പെടുത്തിയ സ്വച്ഛതാ ഗ്രീൻലീഫ് റേറ്റിംഗ് വഴിയായിരുന്നു ഇത്. ഈ റേറ്റിംഗിൽ കേരളം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച സംസ്ഥാനങ്ങൾക്കൊപ്പമാണ്.