മരം മുറി വിവാദം; യാഷ് ചിത്രം ടോക്സിക്കിന്റെ നിർമാതാവിനെതിരെ കേസ്
Tuesday, November 12, 2024 5:02 PM IST
ബംഗുളൂരു: നടൻ യാഷ് നായകനാകുന്ന കന്നട ചിത്രം ടോക്സിക്കിന്റെ നിർമാതാവിനെതിരെ പോലീസ് കേസ്. ബംഗളുരുവിൽ വനമേഖലയിൽ ചിത്രീകരണത്തിനിടെ അനധികൃതമായി മരം മുറിച്ചെന്നാരോപിച്ചാണ് നിർമാതാവിനും മറ്റ് രണ്ട് പേർക്കുമെതിരെ പോലീസ് കേസെടുത്തത്.
മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ച് കർണാടക വനംവകുപ്പ്, ചിത്രത്തിന്റെ നിർമാതാവായ കെവിഎൻ മാസ്റ്റർമൈൻഡ് ക്രിയേഷൻസ്, കാനറ ബാങ്ക് ജനറൽ മാനേജർ, ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്എംടി) ജനറൽ മാനേജർ എന്നിവർക്കെതിരെയാണ് കർണാടക ഫോറസ്റ്റ് ആക്ട് 1963 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാസം കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ സിനിമയുടെ ചിത്രീകരണം നടക്കുന്ന ബംഗളൂരുവിലെ പീനിയ പ്ലാന്റേഷനിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് സംഭവം പുറത്തായത്. മരം മുറിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കർണാടക വനം മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.