വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല: കേസ് റദ്ദാക്കി ഹൈക്കോടതി, നിർണായക വിധി
Tuesday, November 12, 2024 3:10 PM IST
കൊച്ചി: വഖഫ് ഭൂമി കൈവശംവച്ചതിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വച്ചുവെന്ന് ചൂണ്ടിക്കാട്ടി കാലിക്കട്ട് പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്.
2013ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം നിലവിൽ വന്ന കാലവും പോസ്റ്റൽ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടി.
മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നിര്‍ണായകമായ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017ലാണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. 1999ൽ പ്രവർത്തനമാരംഭിച്ച പോസ്റ്റ് ഓഫീസ് വഖഫ് ഭൂമിയിലാണെന്നാണ് കേസ്. കോഴിക്കോട് കോടതിയിൽ കേസിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതിചേർക്കപ്പെട്ട പോസ്റ്റൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.