സുഖിപ്പിച്ചുകൊണ്ട് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍.പ്രശാന്ത്
Tuesday, November 12, 2024 12:47 PM IST
തിരുവനന്തപുരം: താൻ ബോധപൂർവം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍.പ്രശാന്ത്. ഭരണഘടനയുടെ പരമാധികാരത്തിലാണ് താൻ വിശ്വസിക്കുന്നതെന്നതെന്നും പ്രശാന്ത് പ്രതികരിച്ചു.
സസ്പെൻഷൻ ഓർഡർ കൈപ്പറ്റാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രശാന്ത്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം തനിക്കുണ്ട്. എല്ലാവരെയും സുഖിപ്പിച്ചുകൊണ്ട് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല.
ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെന്‍ഷനാണ്. കുറേകാലം സ്കൂളിലും ലോ കോളേജിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സസ്പെൻഷനിലായിട്ടില്ല.
വിശദീകരണം ചോദിച്ചില്ലെന്ന പരാതിയൊന്നും തനിക്കില്ല. ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം. സസ്പെന്ഷന് ഓര്‍ഡര്‍ വാറോലയാണെന്നും അത് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.