യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
Tuesday, November 12, 2024 4:36 AM IST
ബംഗളൂരു: മലയാളി യുവാവ് ഉഡുപ്പിയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്. കൊല്ലം സ്വദേശി ബിജു മോന് (45) ആണ് കഴിഞ്ഞ ദിവസം ബ്രഹ്മാവര്‍ പോലീസ് സ്റ്റേഷനില്‍ മരിച്ചത്.
സംഭവത്തിൽ ബ്രഹ്മാവര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒ സുജാത എന്നിവര്‍ക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഏറെക്കാലമായി ബ്രഹ്മാവറിലെ ഷിപ്യാര്ഡില് ജോലി ചെയ്യുകയായിരുന്നു ബിജു മോന്.
ശനിയാഴ്ച രാത്രി ചേര്‍കാഡിയില്‍ അപരിചിതന് ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് ബിജു മോനെ കസ്റ്റഡയില്‍ എടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ 3.45 ഓടെ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് ബിജു മോനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിജു മോനെ പോലീസ് കസ്റ്റഡിയിൽ മർദിച്ചുവെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ചിരുന്നു.