സീ പ്ലെയിൻ: വിവാദങ്ങൾക്ക് സ്ഥാനം ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Monday, November 11, 2024 11:52 AM IST
കൊച്ചി: സീ പ്ലെയിൻ പദ്ധതി സംബന്ധിച്ച് വിവാദങ്ങൾക്ക് സ്ഥാനം ഇല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാ വിഭാഗം സംഘടനകളോടും ചർച്ച ചെയ്താണ് പദ്ധതി നടപ്പാക്കിയത്. വനം വകുപ്പിന്റെ ആശങ്കയിൽ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
മാട്ടുപ്പെട്ടി ഡാം സീ പ്ലെയിൻ പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക രേഖപ്പെടുത്തിയത്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
അതേസമയം സീ പ്ലെയിൻ പദ്ധതി ഇത്രയും വൈകിയതിൽ പിണറായി വിജയൻ ക്ഷമ ചോദിക്കണമെന്ന് കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. 11 വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു ഇത്. പദ്ധതി തടസപ്പെടുത്തിയവർ തന്നെ ഇപ്പോഴത് നടപ്പാക്കുന്നുവെന്നും മുരളീധരൻ വിമർശിച്ചു.