പാര്‍ട്ടി പേജിലെ വീഡിയോ ഷെയറിംഗ്; കേസ് കൊടുക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് രാഹുല്‍
Monday, November 11, 2024 10:59 AM IST
പാലക്കാട്: പാര്‍ട്ടി പേജില്‍ തന്റെ പ്രചാരണ വീഡിയോ ഷെയര്‍ ചെയ്ത സംഭവത്തില്‍ കേസ് കൊടുക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ധൈര്യമുണ്ടെങ്കിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു കേസ് കൊടുക്കാന്‍ തയാറാകണമെന്ന് രാഹുല്‍ പ്രതികരിച്ചു.
തന്നെ പിന്തുണയ്ക്കുന്നവരാണ് പോസ്റ്റിന് പിന്നില്‍. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ഐക്യപ്പെട്ടതിലുള്ള പ്രതികരണമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്ത സംഭവം ഹാക്കിംഗ് അല്ലെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. പേജിന്റെ അഡ്മിൻമാരിൽ ഒരാൾ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നാണ് വ്യക്തമായിരിക്കുന്നത്.
പാലക്കാട് എന്ന സ്നേഹവിസ്മയം എന്നുള്ള തലവാചകത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രമോഷൻ വീഡിയോ സിപിഎം പത്തനംതിട്ട പേജിൽ വന്നത്. ഇതിനു പിന്നാലെ ജില്ലാ കമ്മിറ്റി ഉടൻ അഡ്മിൻ പാനൽ അഴിച്ചുപണിതിരുന്നു. സംഭവത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നു.
സംഭവം ഹാക്കിംഗ് ആണെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രതികരിച്ചത്. ഇതു ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ പാർട്ടി ഇനിയും പരാതി നല്‍കിയില്ല. പരാതി നൽകുമെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.